1995 ആയിരുന്നു വര്‍ഷം. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ വിജയത്തിന് ശേഷം സ്വന്തമായി ഒരു ഭൂരിപക്ഷ ഗവണ്‍മെന്റ് രൂപീകരിച്ച നേട്ടത്തിന്റെ പുതുമയിലായിരുന്നു ബി.ജെ.പി. രണ്ട് മാസത്തിന് ശേഷം സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണതോതില്‍ നടക്കവേ മോദി ഒരു ദിവസം തന്റെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ചിലരെയും സഹായികളെയും വിളിച്ച്കൂട്ടി അവര്‍ അതിന്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ഉപകരണം നല്‍കി. അടുത്തിടെ താന്‍ നടത്തിയ വിദേശ യാത്രയില്‍ സ്വന്തമാക്കിയ ഒരു ഡിജിറ്റല്‍ ക്യാമറ. അവരുടെ ജോലി പാര്‍ട്ടി പ്രചാരണ സംഘങ്ങളോടൊപ്പം സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് അവര്‍ കാണുന്നതെന്തും, ജനങ്ങളെ, അവരുടെ ഭാവങ്ങളെ, അവരുടെ വേഷഭൂഷാദികളെ, അവരുടെ ശീലങ്ങളെ, പൊതു സമ്മേളനങ്ങളിലെ സാനിദ്ധ്യത്തെ, ജോലി സ്ഥലങ്ങളിലും, ചായക്കടകളിലും അവര്‍ കഴിക്കുന്ന ഭക്ഷണത്തെ അങ്ങനെ ഗുജറാത്തിന്റെ സത്തയെ ഡിജിറ്റല്‍ രൂപത്തില്‍ ചിത്രീകരിക്കുക എന്നതായിരുന്നു. ഇന്ത്യയിലെന്നല്ല പടിഞ്ഞാറന്‍ നാടുകളില്‍ പോലും ഡിജിറ്റല്‍ ക്യാമറ പ്രചാരത്തില്‍ വരുംമുമ്പായിരുന്നു ഇത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളെയും ഡിജിറ്റല്‍ കണ്ടുപിടിത്തങ്ങളെയും വളരെ മുമ്പേ തന്നെ കണ്ടെത്തി അവയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വ്യക്തിഗതമായി മാത്രമല്ലാതെ, ഒരു ഭരണ നിര്‍വ്വഹണ മാതൃകയായും അവയെ ഉപയോഗിക്കുകയെന്നത് എക്കാലവും മോദിയുടെ ഒരു ശീലമാണ്. ഏക ദിശാ രൂപമുള്ള ഒരു പ്രക്ഷേപണ മാധ്യമം എന്നതിലുപരി തുല്യര്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഡിജിറ്റല്‍ ബന്ധം സ്ഥാപിക്കാന്‍ ശേഷിയുള്ള ഒരു മാധ്യമമാണ് സോഷ്യല്‍ മീഡിയ എന്ന് രാഷ്ട്രീയക്കാര്‍ക്കിടയില്‍ മാത്രമല്ല സമൂഹത്തിലാകെ തന്നെ ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയാണ് മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് എപ്പോഴും അദ്ദേഹം കാതോര്‍ക്കുമായിരുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ 2014 ജൂലൈയില്‍ തുടക്കമിട്ട മൈ ഗവ് ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ ആദ്യ സംരംഭങ്ങളില്‍ ഒന്നായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം സംവേദനക്ഷമവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണ നിര്‍വ്വഹണം കൊണ്ടുവരുന്നതിനുള്ള മുഖ്യ സംരംഭമായ ഡിജിറ്റല്‍ ഇന്ത്യ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 2015 ല്‍ കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ ഡിജിറ്റല്‍ ഇന്ത്യ സമ്മേളനത്തില്‍ സംസാരിക്കവേ മോദി തന്റെ തത്വശാസ്ത്രം ഇത്തരത്തില്‍ ചുരുക്കിപ്പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെയോ സേവനങ്ങളുടെയോ ക്രമാതീതമായ വേഗതയെ കുറിച്ചും, വൈപുല്യത്തെ കുറിച്ചും നിങ്ങള്‍ ചിന്തിക്കുമ്പോള്‍ ദീര്‍ഘകാലമായി പ്രതീക്ഷയുടെ വരമ്പത്ത് നിലകൊള്ളുന്നവരുടെ ജീവിതങ്ങള്‍ ത്വരിതഗതിയില്‍ മാറ്റിയെടുക്കാന്‍ അതുപോലെ സാധ്യമാണ്. അതിനാല്‍ സുഹൃത്തുക്കളെ ഈ ദൃഢവിശ്വാസത്തില്‍ നിന്നാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന ദര്‍ശനം ലഭിച്ചത്. മനുഷ്യചരിത്രത്തില്‍ ഒരുപക്ഷേ സമാനതകള്‍ ഇല്ലാത്തതത്ര തരത്തില്‍ ഇന്ത്യയുടെ പരിവര്‍ത്തനം സാധ്യമാക്കാനുള്ള സംരംഭമാണത്. ഏറ്റവും ദുര്‍ബലരും പാവപ്പെട്ടവരുമായ ഇന്ത്യന്‍ പൗരന്‍മാരുടെ ജീവിതത്തെ തൊടുക മാത്രമല്ല, നമ്മുടെ രാജ്യം ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിധം മാറ്റിയെടുക്കാന്‍ കൂടി വേണ്ടിയാണത്.