2014 മെയ് 26ന് അധികാരമേറ്റത് മുതല്‍ തുടരുന്ന വിദേശ നയം ലോകകാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതില്‍ വിശ്വസിക്കുന്നതാണ്, ഒപ്പം ലോകത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതും.ശ്രീ. നരന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്നിലവിലെ സൗഹൃദങ്ങള്‍ ശക്തിപ്പെടുത്തുകയും മറ്റു നിരവധി രാജ്യങ്ങളുമായി സഹകരണത്തിന്റെ പുതിയ വിശാല വീഥികള്‍ സൃഷ്ടിക്കുകയും ചെയ്തു.
2014 മെയ് 26ന് പ്രധാനമന്ത്രി മോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നതിനു സാക്ഷ്യം വഹിച്ച സദസില്‍ സാര്‍ക് രാജ്യങ്ങളുടെയെല്ലാം തലവന്മാര് ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാന് പ്രസിഡന്റ് കര്‍സായി, ഭൂട്ടാന് പ്രധാനമന്ത്രി ടോബ്ഗേ, മാലദ്വീപ് പ്രസിഡന്റ് യമീന്, നേപ്പാള്‍ പ്രധാനമന്ത്രി കൊയ്രാള, പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്സേ എന്നിവര്‍ ഇതില്‍പ്പെടുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേരത്തേ തീരുമാനിച്ച ഒരു ജപ്പാന് യാത്രയിലായിരുന്നതുകൊണ്ട് ബംഗ്ലാദേശ് പാര്‍ലമെന്റ് സ്പീക്കര്‍ ആ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. അടുത്ത ദിവസം ഈ നേതാക്കളെല്ലാവരുമായി പ്രധാനമന്ത്രി സമഗ്രമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
ശക്തമായ ഒരു സാര്‍ക്കിനു വേണ്ടിയുള്ള ശ്രീ. മോദിയുടെ വീക്ഷണവും പ്രതിബദ്ധതയും ആവര്‍ത്തിക്കപ്പെടുന്നതാണ് കണ്ടത്. അധികാരമേറ്റ ശേഷം രാജ്യത്തിനു പുറത്തേക്കുള്ള ആദ്യ യാത്ര അദ്ദേഹം നടത്തിയത് ഭൂട്ടാനിലേക്കായിരുന്നു. ഭൂട്ടാന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയും ഇന്ത്യാ-ഭൂട്ടാന് സഹകരണം ശക്തിപ്പെടുത്താനുതകുന്ന നിരവധി കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തു. നേപ്പാളിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിന് പോകുന്ന ആദ്യ പ്രധാനമന്ത്രിയായി 2014 ല്‍ അദ്ദേഹം മാറി, തുടര്‍ന്നും ഇന്ത്യാ-നേപ്പാള്‍ ബന്ധം ശക്തമാക്കുന്നതില്‍ സുപ്രധാന പുരോഗതി കൈവരിച്ചു. ഇന്ത്യാ-ശ്രീലങ്കാ ബന്ധം അരക്കിട്ടുറപ്പിക്കാന്‍ 2015 മാര്‍ച്ചില്‍ പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിച്ചു. ഒരു മാസം കഴിഞ്ഞ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇന്ത്യ സന്ദര്‍ശിച്ചു. 2015 ജനുവരിയില്ശ ശ്രീലങ്കയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനമായിരുന്നു അത്. 2015 സെപ്റ്റംബറില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും ഇന്ത്യ സന്ദര്‍ശിച്ചു.
2015 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധത്തില്ചരിത്രപ്രധാനമായ ഒരു സവിശേഷ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഭൂ അതിര്‍ത്തി കരാര്‍ അംഗീകരിച്ചു. രണ്ടു രാജ്യങ്ങളെയും തമ്മില്‍ ഗാഢമായി ബന്ധിപ്പിക്കുന്ന തരത്തില്‍ പരസ്പരം ബസ് സര്‍വീസുകള്‍ തുടങ്ങുകയും ചെയ്തു. 2016 ഏപ്രിലില്‍ മാലദ്വീപ് പ്രസിഡന്റ് യമീനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ഇരു നേതാക്കളും ഇന്ത്യാ- മാലദ്വീപ് ബന്ധത്തേക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.
ചുമതലയേറ്റ ശേഷം പ്രധാനമന്ത്രി നിരവധി സുപ്രധാന ഉച്ചകോടികളില്‍ പങ്കെടുത്തു. 2014 ജൂണില്‍ പ്രധാനമന്ത്രി ബ്രസീലിലെ ഫോര്ട്ടലാസയില് നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത് ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിലെ റോഡ് മാപ്പ് സംബന്ധിച്ച് ബ്രിക്സ് നേതാക്കളുമായി ചര്‍ച്ച നടത്തി. ബ്രിക്സ് ബാങ്ക് രൂപീകരണം എന്ന സുപ്രധാനകാര്യം സാധ്യമാവുകയും ഇന്ത്യയ്ക്ക് അതിന്റെ ആദ്യ അധ്യക്ഷ പദവി നല്‍കുകയും ചെയ്തു.
2014 സെപ്റ്റംബറില്‍ പ്രധാനമന്ത്രി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് ലോകത്തിനു വേണ്ടി സംഭാവന ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എടുത്തുപറയുകയും ലോകസമാധാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. അന്താരാഷ്ട്ര യോഗാ ദിനം ഐക്യത്തോടെ ആചരിക്കുന്നതു സംബന്ധിച്ച അദ്ദേഹത്തിന്റെ ആഹ്വാനം യുഎന്നില്‍ മുഴങ്ങി. 2014 ഡിസംബറില്‍ 177 രാജ്യങ്ങള്‍ ഇതിനോടു യോജിച്ച് പ്രമേയം പാസാക്കുകയും ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിക്കുയും ചെയ്തു.
ജി20 ഗ്രൂപ്പ് എന്‍ഡിഎ സര്‍ക്കാരിനു കീഴില്ശക്തിപ്പെട്ടു. 2014 ല്‍ ഓസ്ട്രേലിയയിലും 2015ല്‍ തുര്‍ക്കിയിലും നടന്ന ജി20 ഉച്ചകോടികളില്‍ ശ്രീ. മോദി പങ്കെടുത്തു. ബ്രിസ്ബനിലെ ജി20 ഉച്ചകോടിയില്‍ കള്ളപ്പണത്തെക്കുറിച്ച് പ്രധാനമന്ത്രി എടുത്തു പറയുകയും കള്ളപ്പണം എന്ന തിന്മ സൃഷ്ടിക്കുന്ന ഭീഷണി ശക്തമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഉച്ചകോടിയില്‍ നടത്തിയ ഈ ഇടപെടല്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. സര്‍ക്കാര്‍ ഈ വിഷത്തെ എത്രത്തോളം പ്രാധാന്യത്തോടെ കാണുന്നുവെന്ന് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.
ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തിന് നല്കുന്ന ഉയര്‍ന്ന മുന്‍ഗണന വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ല്‍ മ്യാന്മറിലും 2015ല്‍ ക്വലാലമ്പൂരില്‍ ചേര്‍ന്ന ആസിയാന്‍ ഉച്ചകോടിയിലും പങ്കെടുത്ത് ഉന്നത ആസിയാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ നേതാക്കളെല്ലാം സര്‍ക്കാരിന്റെ ' ഇന്ത്യയില്നിര്മിക്കൂ' പദ്ധതിയോട് വളരെ ആവേശത്തോടെയാണ് പ്രതികരിച്ചത്.
ലോകത്തിലെ ഉന്നത നേതാക്കള്‍ ഒന്നിച്ചുചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു ചര്‍ച്ച ചെയ്ത 2015 നവംബറിലെ കോപ് 21 ഉച്ചകോടിയില്‍ (പാരിസ്) പ്രധാനമന്ത്രി പങ്കെടുത്തു. കാലാവസ്ഥാ നീതിയില്‍ ഊന്നി സംസാരിച്ച ശ്രീ.മോദി വെടിപ്പുള്ള ഹരിത ഭാവി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. വികസനത്തിനും പരിസ്ഥിതിക്കും ചേര്‍ന്ന് പോകാന്കഴിയുമെന്ന് ഉറപ്പിച്ച് പറഞ്ഞ അദ്ദേഹം ഇത്തരം സന്ദര്‍ഭങ്ങളുടെ എണ്ണം കൂട്ടാനും ഭൂമിയെ സംരക്ഷിക്കാനും ലോകത്തോട് ആവശ്യപ്പെട്ടു. സമൃദ്ധമായ സൂര്യപ്രകാശത്തിനു വേണ്ടി നിരവധി രാജ്യങ്ങള്‍ചേര്‍ന്ന് രൂപീകരിച്ച അന്തര്‍ദേശീയ സൗരോര്‍ജ്ജ സഖ്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഒലാന്ദും കോപ്21 ഉച്ചകോടിയില്വെളിപ്പെടുത്തി. ഹരിത ഭൂമി സൃഷ്ടിക്കുന്നതിന് വേണ്ടിയുളള ആത്മാര്‍ത്ഥമായ ശ്രമമാണ് സഖ്യം. 2016 മാര്ച്ചില്യുഎസ് പ്രസിഡന്റ് ഒബാമ ആതിഥ്യം വഹിച്ച ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്ത് ആണവ സുരക്ഷയെയും സമാധാനത്തെയും കുറിച്ചുള്ള തന്റെ ചിന്തകള്‍ അദ്ദേഹം പങ്കുവച്ചു.
ലോകത്തിന്റെ എല്ലാ മേഖലകള്‍ക്കും ശ്രീ. മോദി അതിരുകളില്ലാത്ത പ്രാധാന്യം നല്കി. 2015 മാര്‍ച്ചില്‍ അദ്ദേഹം സെഷല്സിലേക്കും മൗറീഷ്യസിലേക്കും ശ്രീലങ്കയിലേക്കും നടത്തിയ ത്രിരാഷ്ട്ര സന്ദര്‍ശനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഇന്ത്യയുടെ സഹായത്തോടെ സജ്ജീകരിച്ച സമുദ്രതീര റഡാര്‍ സെഷല്‍സില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്ത്യാ- മൗറീഷ്യസ് സഹകരണത്തിന്റെ മറ്റൊരു പ്രതീകമായ ബരാക്കുട ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
2015 ഏപ്രിലില്‍ പ്രധാനമന്ത്രി ഫ്രാന്‍സും ജര്‍മനിയും കാനഡയും സന്ദര്‍ശിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുമായും കാനഡയുമായും മെച്ചപ്പെട്ട സഹകരണം ലക്ഷ്യമിട്ടായിരുന്നു ഈ സന്ദര്‍ശനം. ആണവോര്‍ജ്ജത്തിലും പ്രതിരോധത്തിലും മൂര്‍ത്തമായ മുന്നേറ്റം സാധ്യമാക്കുന്നതുള്‍പ്പെടെ 17 കരാറുകള്‍ ഫ്രാന്‍സുമായി ഒപ്പുവച്ച് ചരിത്രം കുറിച്ചു. ജര്‍മനിയില്‍ പ്രധാനമന്ത്രിയും ചാന്‍സലര്‍ മെര്‍ക്കലും ചേര്‍ന്ന് ഹാനോവര്മെസ്സെ ഉദ്ഘാടനം ചെയ്യുകയും റയില്‍വേ ആധുനീകരണത്തേക്കുറിച്ചു നേരിട്ട് മനസിലാക്കാന്‍ ബര്‍ലിനിലെ ഒരു റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കുകയും ചെയ്തു. മികവ് വികസിപ്പിക്കല്‍ ആണ് ജര്‍മനിയുമായുള്ള മറ്റൊരു ലക്ഷ്യ മേഖല. കാനഡയിലെ ഊന്നല്‍ സാമ്പത്തിക ബന്ധങ്ങള്‍, ഊര്‍ജ്ജം, സാംസ്കാരിക സഹകരണം എന്നിവയിലായിരുന്നു. ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി 42 വര്‍ഷങ്ങള്‍ക്കിടയില്‍ കാനഡയിലേക്ക് നടത്തിയ ആദ്യ യാത്ര എന്ന നിലയില്‍ മോദിയുടെ സന്ദര്‍ശനം ചരിത്രപ്രാധാന്യമുള്ളതായി.
ഇന്ത്യയുടെ കിഴക്കന്‍ അയല്‍ക്കാരുമായുള്ള അടുപ്പം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ശക്തമായ പ്രയത്നം നടത്തി. 2014 ആഗസ്റ്റില്‍ അദ്ദേഹം ജപ്പാനിലേക്ക് പ്രധാനപ്പെട്ട ഒരു സന്ദര്‍ശനം നടത്തുകയും വ്യവസായം, സാങ്കേതികവിദ്യ, സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതി എന്നിവയില്‍ വിശാല സഹകരണത്തിന് രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്ഒപ്പിടുകയും ചെയ്തു. ബീജിംഗിനു പുറത്ത് ചൈന ഒരു ലോകനേതാവിന് ഇതാദ്യമായി നല്കിയ സ്വാഗതം എന്ന നിലയില്‍2015 മേയില്‍ ചൈനയില്‍ പ്രധാനമന്ത്രിയുടെ സിയാന്സന്ദര്ശനം പ്രത്യേകതയുള്ളതായി. മംഗോളിയയിലും അദ്ദേഹം പോയി, അവിടെയും ആദ്യമായി പോകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി അദ്ദേഹമായി. അദ്ദേഹം സന്ദര്‍ശിച്ച മറ്റൊരു സ്ഥലം ദക്ഷിണ കൊറിയയാണ്. അവിടെ അദ്ദേഹം പ്രധാനപ്പെട്ട സിഇഒമാരുമായി കൂടിക്കാഴ്ച നടത്തുകയും ഒരു തുറമുഖം സന്ദര്‍ശിക്കുകയും നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ശക്തമായ അവസരം വാഗ്ദാനം ചെയ്യുകയും ഉണ്ടായി.
2015 ജൂലൈയില്‍ ശ്രീ. നരേന്ദ്ര മോദി അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ പോയി, ഉസ്ബെക്കിസ്ഥാന്, കസാക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍. അദ്ദേഹത്തിന്റെ മധ്യേഷ്യന്സന്ദര്ശനം ആ മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ഒരു വഴിത്തിരാവ് സൃഷ്ടിച്ചു. ഊര്‍ജ്ജം മുതല്‍ സാംസ്കാരിക സഹകരണവും ആഴത്തിലുള്ള സാമ്പത്തിക സഹകരണവും വരെ ചര്‍ച്ച ചെയ്ത വിഷയങ്ങള്വളരെ വിശാലമായിരുന്നു.
പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധം പ്രധാനമന്ത്രി അംഗീകരിക്കുകയും അത് വര്‍ധിപ്പിക്കാന്‍ അനേകം നടപടികളെടുക്കുകയും ചെയ്തു.2016 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കു പോയി. നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട സന്ദര്‍ശനത്തില്‍ അദ്ദേഹം ഉന്നത സൗദി നേതാക്കളുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തി. ഒരു രേഖപ്പെടുത്തപ്പെടേണ്ട നടപടി അദ്ദേഹം എല്‍&റ്റി ലേബര്‍ക്യാമ്പ് സന്ദര്‍ശിച്ച് അവിടെ ജോലി ചെയ്യുന്നവരുമായി പലഹാരങ്ങള്‍ പങ്കുവച്ചതാണ്. അവരുടെ കഠിനാധ്വാനത്തെ അദ്ദേഹം പ്രശംസിക്കുകയും ദൃഢനിശ്ചയത്തെ അഭിനന്ദിക്കുകയും ചെയ്തു. 2015 ആഗസ്റ്റില്‍ ശ്രീ. മോദി യുഎഇയിലേക്ക് ചരിത്രപ്രധാനമായ സന്ദര്‍ശനം നടത്തി, വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചു ചര്‍ച്ച നടത്തി.
ഇന്ത്യ പ്രധാനപ്പെട്ട ലോക നേതാക്കളെ സ്വാഗതം ചെയ്യുകയുമുണ്ടായി. 2014 ജനുവരിയില്‍ യൂഎസ് പ്രസിഡന്റ് ബറാക് ഒബാമ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഒബാമയും സംയുക്തമായി ഇന്ത്യയിലെയും അമേരിക്കയിലെയും വ്യാവസായ പ്രമുഖരെ അഭിസംബോധന ചെയ്യുകയും വിശാലാര്ത്ഥത്തിലുളള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. 2014 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്ത്യ സന്ദര്‍ശിക്കുകയും അതേ മാസം തന്നെ പ്രസിഡന്റ് സീ ജിംഗ്പിംഗ് ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തെ പ്രധാനമന്ത്രി മോദി ഗുജറാത്തിലേക്കു സ്വാഗതം ചെയ്തു. 2014 ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് ഇന്ത്യയില്‍ ഒരു സുപ്രധാന സന്ദര്‍ശനം നടത്തി, ആണവ, വ്യാപാര ബന്ധങ്ങളേക്കുറിച്ച് സമഗ്ര ചര്‍ച്ച നടത്തി.
പസഫിക് ദ്വീപുകളിലെ രാജ്യങ്ങളുമായും ശ്രീ.മോദി ബന്ധം പുലര്‍ത്തി.2014ല്‍ അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി എല്ലാ പസഫിക് ദ്വീപ് രാജ്യങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും മേഖലയുമായുള്ള ഇന്ത്യയുടെ സൗഹൃദം വര്‍ധിപ്പിക്കുന്ന വിവിധ വിഷയങ്ങള്‍ പരിഗണനയില്‍ വരികയും ചെയ്തു. ഇതേ വര്‍ഷം ആഫ്രിക്കന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഡല്‍ഹിയില്‍ ഒരു ഉച്ചകോടിക്ക് എത്തി. കഴിഞ്ഞ ഒരു വര്‍ഷം പ്രധാനമന്ത്രി അറബ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും എക്കാലവും ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കളായ അറബ് മേഖലയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുന്ന ചര്‍ച്ചകള്‍ അവരുമായി നടത്തുകയും ചെയ്തു.
എപ്പോഴൊക്കെ പ്രധാനമന്ത്രി വിദേശ യാത്രകള്‍ നടത്തുമ്പോഴും അദ്ദേഹത്തിന്റെ സമയക്രമം കൂടിക്കാഴ്ചകളും സുപ്രധാന സന്ദര്‍ശനങ്ങളും ഉള്‍പ്പെട്ടതായിരിക്കും, തിരിച്ചെത്തുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരിവര്‍ത്തിപ്പിക്കുന്ന നിക്ഷേപങ്ങളായിരിക്കും അവയുടെ ലക്ഷ്യം. ഊര്‍ജ്ജം, ഉല്‍പ്പാദനം, നിക്ഷേപം, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യം തുടങ്ങിയ വിഷയങ്ങള്‍ എല്ലാ സന്ദര്‍ശനങ്ങളുടെയും പൊതുവായ കാര്യമായിരിക്കുകയും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ അതില്പുതിയതായി പലതും ഉണ്ടായിരിക്കുകയും ചെയ്യും.