വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി 2016 നവംബര്‍ 10 മുതല്‍ 12 വരെ ഞാന്‍ ജപ്പാനിലായിരിക്കും. പ്രധാനമന്ത്രിപദമേറ്റ ശേഷമുള്ള എന്റെ രണ്ടാമത്തെ ജപ്പാന്‍ സന്ദര്‍ശനമാണിത്.
ജപ്പാനുമായി നമുക്കുള്ളതു സവിശേഷമായ രീതിയില്‍ തന്ത്രപ്രധാനമായ ആഗോള പങ്കാളിത്തമാണ്. പൊതുവായ ബൗദ്ധ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും തുറന്നതും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ളതുമായ നിയമാനുസൃത ആഗോളക്രമത്തിനായുള്ള പ്രതിജ്ഞാബദ്ധതയും ഉള്ള രാഷ്ട്രങ്ങളായാണ് ഇന്ത്യയും ജപ്പാനും പരസ്പരം പരിഗണിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള രാഷ്ട്രങ്ങളില്‍ ഒന്നാണു ജപ്പാന്‍. ഇന്ത്യയില്‍ സുപരിചിതമായ പല ജപ്പാന്‍ കമ്പനികളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തുന്നതില്‍ പങ്കുള്ളവയാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വാണിജ്യ, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ആരായാന്‍ ഇന്ത്യയിലെയും ജപ്പാനിലെയും പ്രമുഖ ബിസിനസ്സുകാരുമായി ഞാന്‍ ടോക്കിയോയില്‍ വച്ചു കൂടിക്കാഴ്ച നടത്തും.
സന്ദര്‍ശനത്തിനിടെ ബഹുമാനപ്പെട്ട ജപ്പാന്‍ ചക്രവര്‍ത്തിയെ സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ടാകും. നവംബര്‍ 11നു പ്രധാനമന്ത്രി ഷിന്‍സോ ആബെയെ കാണുമ്പോള്‍ ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളും വിലയിരുത്തും.
നവംബര്‍ 12നു പ്രധാനമന്ത്രി ആബെയും ഞാനും മുംബൈ-അഹമ്മദാബാദ് അതിവേഗ റയില്‍വേക്ക് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന പ്രശസ്തമായ ഷിന്‍കാന്‍സെന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഗതാഗതസംവിധാനത്തിലൂടെ കോബിലേക്കു യാത്ര ചെയ്യും. അതിവേഗ റയില്‍വേ സംവിധാനം ഉല്‍പാദിപ്പിക്കുന്ന കോബിലുള്ള കവസാക്കി വന്‍കിട വ്യവസായ കേന്ദ്രം സന്ദര്‍ശിക്കുകയും ചെയ്യും.
അതിവേഗ റെയില്‍വേ രംഗത്തുള്ള സഹകരണം ഇന്ത്യയും ജപ്പാനും തമ്മിലുള്ള വര്‍ധിച്ച സഹകരണത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ്. ഇതു നമുക്കിടയിലുള്ള വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുക മാത്രമല്ല, ഇന്ത്യയില്‍ നൈപുണ്യമേറിയ തൊഴില്‍ മേഖലകളിലെ അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും അതുവഴി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ദൗത്യത്തിനു കരുത്തു പകരുകയും ചെയ്യും.