2017 ലെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. രാഷ്ട്രപതിയുടെ അഭിസംബോധന, ബജറ്റ് അവതരണം, വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിശദമായ ചര്‍ച്ച തുടങ്ങിയവ ഈ സമ്മേളന കാലത്ത് നടക്കും.
അടുത്തിടെയായി എല്ലാ രാഷ്ട്രീയ കക്ഷികളുമായി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ചകള്‍ നടന്നുവരികയാണ്. പൊതുജനങ്ങളുടെ വിശാല താല്‍പര്യം മുന്‍നിറുത്തി സൃഷ്ടിപരമായ ഒരു വാദപ്രതിവാദത്തിന് ഈ സമ്മേളനത്തെ ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണെന്നതോടൊപ്പം ബജറ്റിനെ കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.
ഇത് ആദ്യമായി കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 നാണ് അവതരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും, മുമ്പ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത് വൈകിട്ട് 5 മണിക്കാണ്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോഴാണ് അതിന്റെ സമയം രാവിലത്തെയ്ക്ക് മാറ്റിയതും പാര്‍ലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയതും.
മറ്റൊരു പുതിയ പാരമ്പര്യത്തിനും ഇന്ന് മുതല്‍ തുടക്കമാവുകയാണ്. ബജറ്റ് ഒരു മാസം നേരത്തെ അവതരിപ്പിക്കുകയും റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റിന്റെ ഒരു ഭാഗമായി മാറുകയുമാണ്. ഈ വിഷയത്തിന്‍ മേല്‍ പാര്‍ലമെന്റില്‍ വിശദമായ വാദപ്രതിവാദങ്ങള്‍ ഉണ്ടാകും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ഈ തീരുമാനത്തിന്റെ ഗുണഫലങ്ങള്‍ ചര്‍ച്ചകളില്‍ പ്രതിഫലിക്കും. വിശാലമായ പൊതുജന താല്‍പര്യം കണക്കിലെടുത്ത് പാര്‍ലമെന്റില്‍ ആരോഗ്യകരമായ വാദപ്രതിവാദങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും കൈകോര്‍ക്കുമെന്നതില്‍ എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്.