2014 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ തങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി പരിശീലന പരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് മുമ്പാകെ ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി.
നേരിട്ടുള്ള ആനുകൂല്യം കൈമാറല്‍, സ്വച്ഛ് ഭാരത്, ഇ- കോടതികള്‍, വിനോദ സഞ്ചാരം, ആരോഗ്യം, ഭരണ നിര്‍വ്വഹണത്തില്‍ ഉപഗ്രഹ സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങി തിരഞ്ഞെടുത്ത എട്ട് വിഷയങ്ങളിലായിരുന്നു അവതരണങ്ങള്‍.
തദവസരത്തില്‍ സംസാരിക്കവെ, ആഴത്തില്‍ പഠിച്ച് തയ്യാറാക്കിയ അവതരണങ്ങള്‍ക്ക് യുവ ഓഫീസര്‍മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പരിചയ സമ്പന്നതയും ചെറുപ്പവും തമ്മിലുള്ള സംയോജനത്തിലൂടെ തങ്ങള്‍ക്കുള്ളിലെ ഏറ്റവും മികച്ച കഴിവുകള്‍ പുറത്തു കൊണ്ടുവരുന്നതിനാണ് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായി നിശ്ചിത കാലത്തേയ്ക്ക് അറ്റാച്ച്‌മെന്റ് നല്‍കുന്ന സംവിധാനം വിഭാവനം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഈ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള പാതയിലാണെന്ന് ഇന്നത്തെ അവതരണങ്ങള്‍ തനിക്കുറപ്പ് നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു.
ഏത് പദവിയില്‍ സേവനം അനുഷ്ഠിച്ചാലും തങ്ങളില്‍ ട്രീം സ്പിരിറ്റ് വളര്‍ത്തിയെടുക്കാനും തുറന്ന സമീപനം കൈക്കൊള്ളാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.
രാഷ്ട്രീയം ഒരിക്കലും നയങ്ങളെ കടത്തിവെട്ടരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി, തീരുമാനം എടുക്കലില്‍ സഹായിക്കാന്‍ രണ്ട് ഉരകല്ലുകള്‍ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു : 1. തീരുമാനങ്ങള്‍ ഒരിക്കലും ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകരുത് 2. തീരുമാനങ്ങള്‍ ഒരിക്കലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ ദ്രോഹിക്കുന്നതാകരുത്.