Cabinet approves Indian Institute of Management Bill, 2017
IIMs to be declared as Institutions of National Importance

തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കാന്‍ പ്രാപ്തമാക്കുന്ന വിധത്തില്‍ ഐഐഎമ്മുകളെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ബില്‍, 2017 പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.

താഴെപ്പറയുന്നവയാണ് ബില്ലിന്റെ പ്രസക്ത ഭാഗങ്ങള്‍:

1. ഐഐഎമ്മുകള്‍ക്ക് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദങ്ങള്‍ നല്‍കാം.

2. മതിയായ ഉത്തരവാദിത്തത്തോടു കൂടി സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ സ്വയംഭരണം ബില്‍ വാഗ്ദാനം ചെയ്യുന്നു.

3. ചെയര്‍പേഴ്‌സണ്‍ന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് ആയിരിക്കും ഈ സ്ഥാപനങ്ങളുടെ കൈകാര്യകര്‍ത്താക്കള്‍.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ തെരഞ്ഞെടുക്കുന്നതും ബോര്‍ഡായിരിക്കും.

4. വിദഗ്ധരുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും മികച്ച പങ്കാളിത്തം ബോര്‍ഡില്‍ ഉണ്ടാകുമെന്നതാണ് ബില്ലിന്റെ മറ്റൊരു പ്രധാന സവിശേഷത.

5. സ്ത്രീകളെയും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

6. സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് സ്ഥാപനങ്ങളുടെ പ്രകടനം നിശ്ചിത കാലയളവുകള്‍ക്കിടെ അവലോകനം ചെയ്യാനും അതിന്റെ ഫലം പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

7. സ്ഥാപനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുകയും അവയുടെ കണക്കുകള്‍ സിഎജി ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യും.

8. ഉപദേശക സമിതിയെന്ന നിലയില്‍ ഐഐഎമ്മുകളുടെ ഏകോപന സമിതിക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്.