രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തു. കേന്ദ്ര ധനകാര്യമന്ത്രി, രണ്ട് ധനകാര്യ സഹമന്ത്രിമാര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് തന്നെ ചരക്ക് സേവന നികുതിയുടെ നടപ്പിലാക്കലിന് തുടക്കമിടണമെന്ന കാര്യത്തില്‍ വീഴ്ചയുണ്ടാവില്ലയെന്ന് ഉറപ്പുവരുത്താന്‍ നടത്തിയ അവലോകനത്തില്‍, മാതൃകാ ജി.എസ്.റ്റി. നിയമങ്ങളുടെയും ചട്ടങ്ങളുടെയും രൂപീകരണം, കേന്ദ്ര സംസ്ഥാനതലങ്ങളില്‍ ഐ.റ്റി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളിലെ ഉദ്യോഗസ്ഥരുടെ പരിശീലനം, വ്യാപാര വ്യവസായ മേഖലകളിലെ ബോധവല്‍ക്കരണം തുടങ്ങി ജി.എസ്.റ്റി.
നടപ്പാക്കലിന് ആവശ്യമായ വിവിധ നടപടികള്‍ വിലയിരുത്തി. എല്ലാ നടപടികളും അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.
മാതൃകാ ജി.എസ്.റ്റി. നിയമങ്ങള്‍, ജി.എസ്.റ്റി. നിരക്കുകള്‍, ജി.എസ്.റ്റി യില്‍ ഉള്‍പ്പെടുത്തേണ്ടതോ ഒഴിവാക്കേണ്ടതോ ആയ ചരക്കുകളും സേവനങ്ങളും എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കുന്നതിന് ജി.എസ്.റ്റി. കൗണ്‍സില്‍ അടിയന്തിരമായി യോഗങ്ങള്‍ ചേരണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.