India is being seen as a bright spot. Growth is projected to remain among the highest in the world: PM
In less than 3 years, our government has transformed the economy: PM Modi
Financial markets can play an important role in the modern economy, says the Prime Minister
Government is very keen to encourage start-ups. Stock markets are essential for the start-up ecosystem: PM
My aim is to make India a developed country in one generation: PM Narendra Modi

ഈ ക്യാംപസ് ഉദ്ഘാടനം ചെയ്യാന്‍ ഇന്ന് ഇവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥ ഇടിവു നേരിട്ടുകൊണ്ടിരിക്കുന്ന നാളുകളാണ് ഇത്. വികസിത രാഷ്ട്രങ്ങളും വികസ്വര വിപണികളും വളര്‍ച്ചക്കുറവിനെ അഭിമുഖീകരിക്കുകയാണ്. മറ്റിടങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ ഇന്ത്യ വളര്‍ച്ചയുടെ കേന്ദ്രമായാണു മുന്നേറുന്നത്. ലോകത്തിലെ ഏറ്റവും വലിയ വളര്‍ച്ച ഇന്ത്യക്ക് ആയിരിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യക്കു ലഭിച്ചത് ആകസ്മികമായല്ല. നാം എത്രത്തോളം മുന്നേറിയിട്ടുണ്ടെന്നറിയാന്‍ 2012-13 കാലഘട്ടത്തിലേക്കു തിരിഞ്ഞുനോക്കണം. ധനക്കമ്മി ഞെട്ടിപ്പിക്കുന്ന നിരക്കിലെത്തിയിരുന്നു. രൂപയുടെ മൂല്യം കുത്തനെ താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. പണപ്പെരുപ്പം കൂടുതലായിരുന്നു. കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. വിദേശനിക്ഷേപകര്‍ വിശ്വാസം നഷ്ടപ്പെട്ട് ഇന്ത്യ വിട്ടുകൊണ്ടിരിക്കുകയായിരുന്നു. ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ ഏറ്റവും ദുര്‍ബല രാഷ്ട്രമായി ഇന്ത്യ പരിഗണിക്കപ്പെട്ടുവരികയായിരുന്നു.

മൂന്നു വര്‍ഷത്തിനകം ഈ ഗവണ്‍മെന്റ് സമ്പദ്‌വ്യവസ്ഥ മാറ്റിമറിച്ചു. ധനക്കമ്മി ലക്ഷ്യം ഓരോ വര്‍ഷവും വെട്ടിക്കുറയ്ക്കുകയും അതു നേടിയെടുക്കുകയും ചെയ്തു. കറന്റ് അക്കൗണ്ട് കമ്മി കുറവാണ്. 2013ലെ പ്രത്യേക കറന്‍സി വെച്ചുമാറല്‍ പ്രകാരം എടുത്ത വായ്പകള്‍ തിരിച്ചടച്ച ശേഷവും വിദേശനാണ്യ ശേഖരം ഉയര്‍ന്നുനില്‍ക്കുന്നു. പണപ്പെരുപ്പം കുറഞ്ഞു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് രണ്ടക്ക നിരക്കിലായിരുന്ന പണപ്പെരുപ്പം നാലു ശതമാനത്തിലേക്കു താഴ്ന്നു. ധനക്കമ്മി താഴ്ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. പൊതുനിക്ഷേപം ഗണ്യമായി വര്‍ധിച്ചു. പണപ്പെരുപ്പത്തിനു പരിധി നിശ്ചയിച്ചുകൊണ്ടുള്ള പുതിയ സാമ്പത്തികനയ ചട്ടക്കൂട് നിയമവിധേയമായി നടപ്പാക്കി. ചരക്ക്, സേവന നികുതി സംബന്ധിച്ച ഭരണഘടനാ ഭേദഗതി വര്‍ഷങ്ങളായി നടപ്പാക്കപ്പെടാതെ കിടക്കുകയായിരുന്നു. അത് പാസാക്കപ്പെട്ട സാഹചര്യത്തില്‍ ഏറെ കാലമായി കാത്തിരിക്കുന്ന ജി.എസ്.ടി. ഉടന്‍ യാഥാര്‍ഥ്യമാകും. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന കാര്യത്തില്‍ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചു. ഈ നയങ്ങളുടെയൊക്കെ ഫലമായി വിദേശ പ്രത്യക്ഷ നിക്ഷേപം പുതിയ റെക്കോഡിലെത്തി. കറന്‍സി നോട്ടുകള്‍ അസാധുവാക്കുക വഴി വേഗത്തില്‍ പോകുകയായിരുന്ന കാറിനെ നിര്‍ത്തിക്കുകയാണു ചെയ്തതെന്ന ആരോപണം ഉയര്‍ത്തുന്ന വിമര്‍ശകരും നമ്മുടെ വളര്‍ച്ചയെ അംഗീകരിക്കുന്നുണ്ടെന്നു വ്യക്തമാണല്ലോ.

ഞാന്‍ ഒരു കാര്യംകൂടി വ്യക്തമാക്കാം. ഇന്ത്യക്കു ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശോഭനമായ ഭാവി ഉറപ്പാക്കാനായി ഈ ഗവണ്‍മെന്റ് ഭദ്രവും വിവേകപൂര്‍ണവുമായ സാമ്പത്തിക നയം മുന്നോട്ടു കൊണ്ടുപോകും. ചെറിയ കാലത്തെ രാഷ്ട്രീയ നേട്ടത്തിനായി ഒരു തീരുമാനവും കൈക്കൊള്ളില്ല. രാഷ്ട്രതാല്‍പര്യത്തിനു വേണ്ടിയാണെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനു പോലും മടിക്കുകയുമില്ല. കറന്‍സി നോട്ട് അസാധുവാക്കിയത് ഉദാഹരണമാണ്. അതു ചെറിയ കാലത്തേക്കു വിഷമം സൃഷ്ടിക്കുമെങ്കിലും ദീര്‍ഘകാലത്തേക്കുള്ള നേട്ടം പ്രദാനംചെയ്യും.

സാമ്പത്തിക വിപണികള്‍ക്ക് ആധുനിക സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കും. അവ നിക്ഷേപം വര്‍ധിപ്പിക്കാന്‍ സഹായകമാണ്. അവ നിക്ഷേപങ്ങള്‍ ഉല്‍പാദനക്ഷമതയുള്ളതാക്കി മാറ്റുകയും ചെയ്യും.

എന്നാല്‍, ശരിയാംവണ്ണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ സാമ്പത്തിക വിപണികളും ദോഷം വരുത്തിവെക്കും എന്നതാണു ചരിത്രം. ശരിയായ നിയന്ത്രണം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഗവണ്‍മെന്റ്, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ചസ് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) രൂപീകരിച്ചത്. ആരോഗ്യകരമായ സെക്യൂരിറ്റി വിപണിയുടെ വികാസത്തെ പ്രോത്സാഹിപ്പിക്കേണ്ട ചുമതലയും സെബിക്ക് ഉണ്ട്.

അടുത്തിടെ, ഫോര്‍വേഡ് മാര്‍ക്കറ്റ്‌സ് കമ്മീഷന്‍ വേണ്ടെന്നുവെച്ചു. കമ്മോഡിറ്റ് ഡെറിവേറ്റീവുകള്‍ നിയന്ത്രിക്കേണ്ട ചുമതല കൂടി സെബിക്കു നല്‍കുകയും ചെയ്തു. ഇതു വലിയ വെല്ലുവിളിയാണ്. കമ്മോഡിറ്റി മാര്‍ക്കറ്റില്‍ സ്‌പോട് മാര്‍ക്കറ്റ് നിയന്ത്രിക്കുന്നതു സെബിയല്ല. കാര്‍ഷിക വിപണികള്‍ നിയന്ത്രിക്കുന്നതു സംസ്ഥാനങ്ങളാണ്. പല ചരക്കുകളും ദരിദ്രരും ആവശ്യക്കാരും നേരിട്ടു വാങ്ങുകയാണ്. അല്ലാതെ നിക്ഷേപകരല്ല വാങ്ങുന്നത്. അതുകൊണ്ടുതന്നെ, കമ്മോഡിറ്റി ഡെറിവേറ്റിവുകളുടെ സാമ്പത്തിക, സാമൂഹിക സ്വാധീനം കൂടുതല്‍ പ്രതികരണം സൃഷ്ടിക്കും. സാമ്പത്തിക വിപണികള്‍ വിജയകരമായി പ്രവര്‍ത്തിക്കണമെങ്കില്‍ അതില്‍ പങ്കാളികള്‍ ആകുന്നവര്‍ക്കു കൃത്യമായ വിവരം ലഭ്യമായിരിക്കണം. പങ്കാളികള്‍ക്കു വിദ്യാഭ്യാസം പകരുകയും നൈപുണ്യ സാക്ഷ്യപത്രം നല്‍കുകയും ചെയ്യുന്ന പ്രവൃത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ചെയ്യുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. നൈപുണ്യം ആര്‍ജിച്ച ഇന്ത്യ എന്നതായിരിക്കണം ഇന്നു നമ്മുടെ ദൗത്യം. ലോകത്തിന്റെ ഏതു കോണിലുള്ളവരുമായി മത്സരിക്കാന്‍ നമ്മുടെ യുവാക്കള്‍ക്കു സാധിക്കണം. അത്തരത്തില്‍ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നതില്‍ ഈ സ്ഥാപനത്തിനു നിര്‍ണായക പങ്കുണ്ട്. എന്‍.ഐ.എസ്.എമ്മിന്റെ പരീക്ഷ പ്രതിവര്‍ഷം ഒരു 1,50,000 മത്സരാര്‍ഥികള്‍ എഴുതുന്നുണ്ടെന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. ഇതുവരെ അഞ്ചു ലക്ഷത്തിലേറെ പേര്‍ക്ക് എന്‍.ഐ.എസ്.എം. സാക്ഷ്യപത്രം നല്‍കിയിട്ടുമുണ്ട്. ശരിയാംവണ്ണം നിയന്ത്രിക്കപ്പെടുന്ന സെക്യൂരിറ്റി വിപണികള്‍ ഇന്ത്യക്കു സല്‍പ്പേര് ഉണ്ടാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്തിയതും ഡെപ്പോസിറ്ററികള്‍ ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചതും നമ്മുടെ വിപണികളെ കൂടുതല്‍ സുതാര്യമാക്കിയിട്ടുണ്ട്. ഇതില്‍ സെബിക്ക് അഭിമാനിക്കാവുന്നതാണ്.

എങ്കിലും, നമ്മുടെ സെക്യൂരിറ്റി, കമോഡിറ്റി വിപണികള്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. സാമ്പത്തികകാര്യ ദിനപ്പത്രങ്ങളില്‍ ഐ.പി.ഒകളുടെ വിജയവും കഴിവുള്ള സംരംഭകര്‍ പെട്ടെന്നു കോടിപതികള്‍ ആയിത്തീരുന്നതും സംബന്ധിച്ച വാര്‍ത്തകള്‍ വായിക്കാറുണ്ട്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, സ്റ്റാര്‍ട്ട്-അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്റെ ഗവണ്‍മെന്റ് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. സ്റ്റാര്‍ട്ട്-അപ് സംവിധാനം നിലനിര്‍ത്താന്‍ ഓഹരിവിപണികള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതു മാത്രം പോരാ. സമ്പത്ത് ഉണ്ടാക്കല്‍ നല്ലതാണ്, എന്നാല്‍ അതാണു പ്രധാന ആവശ്യമെന്നു ഞാന്‍ കരുതുന്നില്ല. രാഷ്ട്രത്തിന്റെ വികസനത്തിനും എല്ലാ മേഖലകളുടെയും വികസനത്തിനും വലിയ വിഭാഗം പൗരന്മാരുടെ ക്ഷേമത്തിനും സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുന്നതിലാണു നമ്മുടെ സെക്യൂരിറ്റി വിപണികളുടെ യഥാര്‍ഥ മൂല്യം കുടികൊള്ളുന്നത്.

അതുകൊണ്ട്, മൂന്നു വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ ഒരു സാമ്പത്തിക വിപണി വിജയപ്രദമാണെന്നു പറയാന്‍ സാധിക്കൂ.

ആദ്യമായി, നമ്മുടെ ഓഹരിവിപണികളുടെ ലക്ഷ്യം ഉല്‍പാദനപരമായ ആവശ്യങ്ങള്‍ക്കായി മൂലധനം കണ്ടെത്തുന്നതിനു സഹായിക്കല്‍ ആയിരിക്കണം. അപകടസാധ്യത മറികടക്കുന്നതിന് ഡെറിവേറ്റീവുകള്‍ സഹായകമാണ്. മൂലധനം ലഭ്യമാക്കുക എന്ന പ്രധാന പ്രവൃത്തി മൂലധന വിപണി എത്രത്തോളം ഫലപ്രദമായി ചെയ്യുന്നുണ്ടെന്നു നാം ആലോചിച്ചുനോക്കണം.

വലിയ വിഭാഗം ജനസംഖ്യക്ക് ഉപകാരപ്പെടുംവിധം പദ്ധതികള്‍ക്കു മൂലധനം കണ്ടെത്താന്‍ സാധിക്കുമെന്നു നമ്മുടെ വിപണികള്‍ തെളിയിക്കേണ്ടിയിരിക്കുന്നു. ഞാന്‍ വിശേഷിച്ചും പരാമര്‍ശിക്കുന്നത് അടിസ്ഥാനസൗകര്യ രംഗമാണ്. ഇപ്പോള്‍ നമ്മുടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഏറെയും ഒന്നുകില്‍ ഗവണ്‍മെന്റ് നേരിട്ട് പണം മുടക്കിയതോ അല്ലെങ്കില്‍ ബാങ്കുകള്‍ മുഖാന്തിരം പണം നേടിയെടുത്തു നടപ്പാക്കിയവോ ആണ്. അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ മൂലധന വിപണികള്‍ ഉപയോഗപ്പെടുത്തുന്നതു വിരളമാണ്. അടിസ്ഥാനസൗകര്യ പദ്ധതികള്‍ വിജയിക്കണമെങ്കില്‍ ദീര്‍ഘകാല വായ്പകള്‍ ഉപയോഗപ്പെടുത്തി ആയിരിക്കണം അവ നടപ്പാക്കുന്നത് എന്നതു പ്രധാനമാണ്. ദീര്‍ഘകാല ലിക്വിഡ് ബോണ്ട് വിപണി നമുക്കില്ലെന്നാണു പറയുന്നത്. ഇതിനു പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ, ഈ മുറിക്കകത്തുള്ള സാമ്പത്തിക പണ്ഡിതര്‍ ആത്മാര്‍ഥമായി വിചാരിച്ചാല്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്ന പ്രശ്‌നമാണിത്.

അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ദീര്‍ഘകാലത്തേക്കു മൂലധനം ലഭ്യമാക്കാന്‍ മൂലധനവിപണികളെ സജ്ജമാക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. ഇപ്പോള്‍ ഗവണ്‍മെന്റോ ലോകബാങ്ക്, ജെ.ഐ.സി.എ. തുടങ്ങിയ വിദേശ ധനകാര്യ സ്ഥാപനങ്ങളോ മാത്രമേ അടിസ്ഥാനസൗകര്യ മേഖലയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം നല്‍കുന്നുള്ളൂ. ഈ രീതി മാറണം. ബോണ്ട് വിപണികള്‍ അടിസ്ഥാനസൗകര്യ മേഖലയ്ക്കു ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം ലഭ്യമാക്കുന്ന സ്രോതസ്സായിത്തീരണം.

നഗരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി വേണ്ടിവരുന്ന കൂറ്റന്‍ മൂലധന ആവശ്യത്തെക്കുറിച്ചു നിങ്ങള്‍ക്കൊക്കെ അറിയാവുന്നതാണല്ലോ. ഈ ഗവണ്‍മെന്റ് ഏറെ പ്രതീക്ഷകളോടെ സ്മാര്‍ട്ട് സിറ്റീസ് പദ്ധതിക്കു തുടക്കമിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍, നമുക്ക് ഇപ്പോഴും ഒരു മുനിസിപ്പല്‍ ബോണ്ട് വിപണി ഇല്ലെന്നത് എന്നെ നിരാശപ്പെടുത്തുന്നു. അത്തരമൊരു വിപണി സൃഷ്ടിക്കുന്നതിനു തടസ്സങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, നിഗൂഢമായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നു എന്നതാണു വൈദഗ്ധ്യമേറിയ മേഖലയിലെ ഒരു നൂതന ആശയത്തിന്റെ പരീക്ഷണവിജയം. കുറഞ്ഞത് 10 ഇന്ത്യന്‍ നഗരങ്ങളെങ്കിലും ഒരു വര്‍ഷത്തിനകം മുനിസിപ്പല്‍ ബോണ്ടുകള്‍ പുറത്തിറക്കുമെന്നു സെബിക്കും സാമ്പത്തികകാര്യ വകുപ്പിനും ഉറപ്പിക്കാന്‍ സാധിക്കുമോ?

രണ്ടാമതായി, നമ്മുടെ സമൂഹത്തിലെ വലിയ വിഭാഗമായ കര്‍ഷകര്‍ക്കു നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ വിപണികള്‍ക്കു സാധിക്കണം. വിജയമാണോ എന്നുറപ്പിക്കേണ്ടത് ദലാല്‍ സ്ട്രീറ്റിലോ ഡെല്‍ഹി ലൂട്യെന്‍സിലെ സൃഷ്ടിക്കപ്പെട്ട പ്രതിഫലനം നോക്കിയല്ല, ഗ്രാമങ്ങളില്‍ വരുത്താന്‍ സാധിച്ച പരിവര്‍ത്തനം നിരീക്ഷിച്ചാണ്. ഈ മാനദണ്ഡം വെച്ചുനോക്കുമ്പോള്‍ നമുക്ക് ഇനിയും ഏറെ മുന്നേറാനുണ്ട്. കാര്‍ഷികപദ്ധതികള്‍ക്കായി പുതുമയാര്‍ന്ന രീതികളിലൂടെ മൂലധനം കണ്ടെത്താന്‍ നമ്മുടെ ഓഹരിവിപണികള്‍ക്കു സാധിക്കണം. നമ്മുടെ കമ്മോഡിറ്റി വിപണികള്‍ കേവലം ഊഹക്കച്ചവടത്തിനുള്ള വേദി മാത്രമായിരുന്നാല്‍ പോരാ; കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകണം. തങ്ങളുടെ നഷ്ടസാധ്യതകള്‍ മറികടക്കാന്‍ ഡെറിവേറ്റിവുകള്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താമെന്നു പറയാറുണ്ട്. എന്നാല്‍ ഫലത്തില്‍ ഇന്ത്യയില്‍ ഒരു കര്‍ഷകനും ഡെറിവേറ്റീവുകള്‍ ഉപയോഗപ്പെടുത്തുന്നില്ല. അതാണു വസ്തുത. കമോഡിറ്റി വിപണികള്‍ കര്‍ഷകര്‍ക്കു നേരിട്ട് ഉപകാരപ്രദമാകുന്നതാക്കി മാറ്റാത്തിടത്തോളം അവ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വില കൂടിയ അലങ്കാരമായി നിലകൊള്ളുകയേ ഉള്ളൂ. ഒരു ഉപയോഗപ്രദമായ ഉപകരണമായി വര്‍ത്തിക്കില്ല. ഇലക്ട്രോണിക് നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റി(ഇ-നാം)ന് ഈ ഗവണ്‍മെന്റ് തുടക്കമിട്ടു. കര്‍ഷകര്‍ക്കു നേട്ടം ലഭ്യമാക്കാനായി ഇ-നാം പോലുള്ള സ്‌പോട്ട് വിപണികളും ഡെറിവേറ്റീവ് വിപണികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സെബി പ്രവര്‍ത്തിക്കണം.

മൂന്നാമതായി, സാമ്പത്തിക വിപണിയില്‍നിന്നു നേട്ടമുണ്ടാക്കുന്നവര്‍ നികുതി അടയ്ക്കുകവഴി രാഷ്ട്രനിര്‍മാണത്തിനായി ന്യായമായ വിഹിതം നല്‍കണം. വിപണികളില്‍നിന്നു പണം ഉണ്ടാക്കുന്നവര്‍ നികുതി അടയ്ക്കുന്നതു വ്യത്യസ്ത കാരണങ്ങളാല്‍ കുറവാണ്. ഇത് ഒരു പരിധിവരെ നിയമവിരുദ്ധ വഴികള്‍ പിന്‍തുടരുന്നതു കൊണ്ടായിരിക്കാം. ഇത് അവസാനിപ്പിക്കുന്നതിനായി സെബി വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നികുതിവിഹിതം കുറയാനുള്ള മറ്റൊരു കാരണം നമ്മുടെ നികുതിനിയമങ്ങളുടെ ഘടനയും ആയിരിക്കാം. ചില സാമ്പത്തിക വരുമാനങ്ങള്‍ക്കു കുറഞ്ഞ നികുതി ഈടാക്കാനോ അല്ലെങ്കില്‍ നികുതി ഒഴിവാക്കിക്കൊണ്ടോ ഉള്ള വ്യവസ്ഥകളാണ് ഉള്ളത്. വിപണികളുമായി ബന്ധപ്പെട്ടു സമ്പാദ്യം നേടുന്നവര്‍ പൊതുഖജനാവിന് എന്തു നല്‍കുന്നുവെന്ന് ആലോചിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നികുതിവരുമാനം നീതിപൂര്‍വകവും ഫലപ്രദവും സുതാര്യവുമായ വഴികളിലൂടെ എങ്ങനെ വര്‍ധിപ്പിക്കാമെന്നു ചിന്തിക്കണം. ചില നികുതി ഉടമ്പടികളിലൂടെ ഏതാനും നിക്ഷേപകര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതായ തോന്നല്‍ നേരത്തേ ഉണ്ടായിരുന്നു. അത്തരം ഉടമ്പടികള്‍ ഇപ്പോള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. ഇതു പുനര്‍വിചിന്തനം നടത്തുകയും ലളിതവും സുതാര്യവും നീതിയുക്തവും പുരോഗമനാത്മകവുമായ മെച്ചപ്പെട്ട രൂപകല്‍പനയെക്കുറിച്ചു ചിന്തിക്കുകയും ചെയ്യേണ്ട സമയമാണ്.

സുഹൃത്തുക്കളേ,

സാമ്പത്തിക വിപണികള്‍ ബജറ്റിന് ഏറെ പ്രാമുഖ്യം കല്‍പിക്കുന്നുണ്ടെന്ന് എനിക്കറിയാം. ബജറ്റ് സൈക്കിള്‍ ശരിയായ സമ്പദ്‌വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തും. നിലവിലുള്ള നമ്മുടെ ബജറ്റ് കലണ്ടര്‍ പ്രകാരം ചെലവുകള്‍ക്ക് അംഗീകാരം നല്‍കുന്നത് മണ്‍സൂണിന്റെ തുടക്കത്തോടെയാണ്. മണ്‍സൂണിനു മുമ്പുള്ള മാസങ്ങളില്‍ ഗവണ്‍മെന്റ് പദ്ധതികളൊന്നും സജീവമായിരിക്കില്ല. ഇതൊഴിവാക്കാന്‍ ബജറ്റ് തീയതി നേരത്തേ ആക്കുകയാണ്. പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുമ്പോഴേക്കും ചെലവുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഇതോടെ സാധിക്കും. ഇത് ഉല്‍പാദനവും വരുമാനവും ഉയര്‍ത്തും.

സുഹൃത്തുക്കളേ,

ഒറ്റ തലമുറ കാലഘട്ടംകൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ലോക നിലവാരത്തിലുള്ള സെക്യൂരിറ്റി, കമോഡിറ്റി വിപണികളില്ലാതെ ഇതു സാധ്യമല്ല. ഈ സാഹചര്യത്തില്‍, സാമ്പത്തിക വിപണികളെല്ലാം കൂടുതല്‍ പ്രസക്തിയുള്ളതാക്കി മാറ്റുന്നതിനു നിങ്ങളുടെയെല്ലാം സംഭാവനകള്‍ പ്രതീക്ഷിക്കുകയാണ്. എന്‍.ഐ.എസ്.എമ്മിനു ഞാന്‍ എല്ലാ വിജയവും നേരുന്നു. എല്ലാവര്‍ക്കും ക്രിസ്മസ് നവവത്സരാശംസകള്‍ നേരുകയും ചെയ്യുന്നു.