India & Indonesia agree to prioritize defence and security cooperation.
India & Indonesia agree to build a strong economic & development partnership that strengthens the flow of ideas, trade, capital etc
Both countries agree to work closely in the fields of pharmaceuticals, IT & software, & skill development.
Agreement to speed up establishment of Chairs of Indian & Indonesian Studies in each other's universities.

ബഹുമാനപ്പെട്ട പ്രസിഡന്റ് ജോക്കോ വിദൊദോ,

വിശിഷ്ടരായ പ്രതിനിധികളെ, മാധ്യമമേഖലയിലെ സുഹൃത്തുക്കളേ,

ആദ്യം തന്നെ, ആക്കെയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കട്ടെ.

സുഹൃത്തുക്കളേ,

പ്രഥമ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റ് ജോക്കോ വിദൊദോയെ സ്വാഗതം ചെയ്യാന്‍ അവസരം ലഭിച്ചത് അംഗീകാരമായി കാണുന്നു. 2014 നവംബറില്‍ ഞാന്‍ അദ്ദേഹത്തെ കാണുകയും നാം തമ്മിലുള്ള പങ്കാളിത്തം ഇരു രാഷട്രങ്ങള്‍ക്കും അതോടൊപ്പം ഈ മേഖലയ്ക്കാകെയും ഗുണകരമാക്കിത്തീര്‍ക്കാന്‍ എങ്ങനെ സാധിക്കുമെന്നു വിശദമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി.

ബഹുമാന്യരേ,

താങ്കള്‍ മഹത്തായ ഒരു രാഷ്ട്രത്തിന്റെ നേതാവാണ്. ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമായ ഇന്തോനേഷ്യ ജനാധിപത്യത്തിനും നാനാത്വത്തിനും ബഹുസ്വരതയ്ക്കും സാമൂഹികമൈത്രിക്കുമായി നിലകൊള്ളുന്നു. ഇവയൊക്കെയാണു നമ്മുടെ മൂല്യങ്ങള്‍. നമ്മുടെ രാഷ്ട്രങ്ങളും സമൂഹങ്ങളും വാണിജ്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ അടുത്ത ബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങളില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലാണു നാം ജീവിക്കുന്നത്. അങ്ങയുടെ സന്ദര്‍ശനം നാം തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിന് ചൈതന്യവും വേഗവും പകരാന്‍ കെല്‍പുള്ളവരാക്കി ഞങ്ങളെ മാറ്റുന്നു. ഇന്‍ഡോ-പസഫിക് മേഖലയില്‍ ശാന്തിയും അഭിവൃദ്ധിയും സ്ഥിരതയും ഉറപ്പാക്കാന്‍ സാധിക്കുന്ന ശക്തിയായി മാറാന്‍ നമുക്ക് അവസരം ലഭ്യമാകുക കൂടി ചെയ്യുകയാണ് ഈ സന്ദര്‍ശനത്തിലൂടെ.

സുഹൃത്തുക്കളേ,

പൂര്‍വനാടുകളെ ഉദ്ദേശിച്ചുള്ള ഇന്ത്യയുടെ നയത്തില്‍ ഏറ്റവും വിലമതിക്കുന്ന പങ്കാളികളില്‍ ഒന്നാണ് ഇന്തോനേഷ്യ. ദക്ഷിണപൂര്‍വേഷ്യയിലെ ഏറ്റവും ബൃഹത്തായ സമ്പദ്‌വ്യവസ്ഥ ഇന്ത്യോനേഷ്യയുടേതാണ്. ഇന്ത്യയാകട്ടെ, ഏറ്റവും വേഗം വളര്‍ച്ച നേടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ്. രണ്ടു വലിയ ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലയിലും വികസിച്ചുകൊണ്ടിരിക്കുന്ന രണ്ടു സമ്പദ്‌വ്യവസ്ഥകളെന്ന നിലയിലും നമുക്കു സമാനമായ സാമ്പത്തികവും തന്ത്രപ്രധാനവുമായ താല്‍പര്യങ്ങളുണ്ട്. നാം നേരിടുന്നതാകട്ടെ, ഒരേ രീതിയിലുള്ള ആശങ്കകളും വെല്ലുവിളികളുമാണ്. പ്രസിഡന്റുമായി ഇന്നു ഞാന്‍ നടത്തിയ വിശദമായ ചര്‍ച്ചയില്‍ സഹകരിക്കാവുന്ന എല്ലാ മേഖലകളും സംബന്ധിച്ചു സംസാരിച്ചു. പ്രതിരോധം, സുരക്ഷ എന്നീ മേഖലകള്‍ക്കു പ്രാധാന്യം കല്‍പിക്കാമെന്ന് ഇരുവരും സമ്മതിച്ചു. സമുദ്രാതിര്‍ത്തിയുള്ള രണ്ട് അയല്‍രാഷ്ട്രങ്ങളെന്ന നിലയില്‍ ദുരന്തനിവാരണത്തിലും പരിസ്ഥിതിസംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സമുദ്രപാതകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സഹകരിക്കാന്‍ തീരുമാനിച്ചു. സമുദ്രമേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സംയുക്തപ്രസ്താവന ഇക്കാര്യത്തില്‍ എങ്ങനെ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നു വ്യക്തമാക്കുന്നു. തീവ്രവാദത്തെയും സംഘടിത കുറ്റകൃത്യങ്ങളെയും ലഹരിമരുന്നിനെയും മനുഷ്യക്കടത്തിനെയും നേരിടുന്നതിനും നാം സഹകരിച്ചുപ്രവര്‍ത്തിക്കും.

സുഹൃത്തുക്കളേ,

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആശയങ്ങളുടെയും വ്യാപാരത്തിന്റെയും മൂലധനത്തിന്റെയും മനുഷ്യവിഭവശേഷിയുടെയും കൈമാറ്റം പ്രാവര്‍ത്തികമാക്കുംവിധം കരുത്തുറ്റ സാമ്പത്തിക, വികസന പങ്കാളിത്തം യാഥാര്‍ഥ്യമാക്കാന്‍ പ്രസിഡന്റും ഞാനും പരസ്പരം സമ്മതിച്ചു. ഔഷധനിര്‍മാണം, ഐ.ടി., സോഫ്റ്റ്‌വെയര്‍, നൈപുണ്യവികസനം എന്ന മേഖലകളില്‍ ഇന്തോനേഷ്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാമെന്നു പ്രസിഡന്റോ വിദോദോയ്ക്കു ഞാന്‍ ഉറപ്പു നല്‍കി. വികസ്വര രാഷ്ട്രങ്ങളെന്ന നിലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിനും നിക്ഷേപ ഒഴുക്കിനുമായി പരമാവധി യത്‌നിക്കാന്‍ തീരുമാനിച്ചു. വ്യവസായങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകള്‍ തേടാന്‍ സി.ഇ.ഒസ് ഫോറം മുന്‍കയ്യെടുക്കും. പരമാവധി വേഗത്തില്‍ സേവന, നിക്ഷേപ മേഖലകളിലെ ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുകയും മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിന് അന്തിമരൂപം നല്‍കുകയും ചെയ്യുന്നത് ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്ന വിലയിരുത്തലുണ്ടായി. ബഹിരാകാശ മേഖലയില്‍ രണ്ടു ദശാബ്ദം നീളുന്ന പരസ്പരബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഞങ്ങള്‍ നിരീക്ഷിച്ചു. പരസ്പരബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഊര്‍ജം നഷ്ടപ്പെടാതിരിക്കാനായി ഉഭയകക്ഷി സഹകരണ അജണ്ട മുന്നോട്ടുകൊണ്ടുപോകാനായി മന്ത്രാലയതലത്തിലുള്ള യോഗം പരമാവധി നേരത്തേ നടത്താന്‍ പ്രസിഡന്റ് വിദോദയും ഞാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

നമ്മുടെ സമൂഹങ്ങള്‍ക്കിടയിലുള്ള ചരിത്രപരമായ ബന്ധവും ശക്തമായ സാംസ്‌കാരിക ബന്ധവും നമ്മുടേത് ഒരേ പാരമ്പര്യമാണെന്നതിന്റെ തെളിവാണ്. നമ്മുടെ ചരിത്രപരമായ ബന്ധത്തെ സംബന്ധിച്ചുള്ള ഗവേഷണത്തിന് ഉത്തേജനം പകരേണ്ടതിന്റെ പ്രാധാന്യം ഞങ്ങള്‍ ഇരുവരും തിരിച്ചറിയുന്നു. ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഇന്തോനേഷ്യയെക്കുറിച്ചുള്ള പഠനവും ഇന്തോനേഷ്യന്‍ സര്‍വകലാശാലകളില്‍ ഇന്ത്യയെക്കുറിച്ചുള്ള പഠനവും നടത്തുന്നതിനുള്ള ചെയറുകള്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ക്കു വേഗം കൂട്ടാമെന്ന് ഇരുവരും സമ്മതിച്ചു. സ്‌കോളര്‍ഷിപ്പുകളും പരിശീലനപദ്ധതികളും കൂട്ടാനും സമ്മതിച്ചു. നേരിട്ടുള്ള കണക്ടിവിറ്റിയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തണമെന്നതു വ്യക്തമാണല്ലോ. ഇക്കാര്യത്തില്‍, മുംബൈയിലേക്കു നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങാനുള്ള ഗരുഡ ഇന്തോനേഷ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

ബഹുമാനപ്പെട്ട പ്രസിഡന്റ്,

താങ്കളുടെ സന്ദര്‍ശനത്തിന് ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു. നമ്മുടെ ഉഭയകക്ഷിബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള ശക്തമായ ആഗ്രഹം താങ്കള്‍ക്കൊപ്പം ഞാനും പങ്കുവെക്കുന്നു. നടത്തിയ ചര്‍ച്ചകളും ഇന്ന് ഒപ്പുവെക്കപ്പെട്ട കരാറുകളും ഒരു കര്‍മപദ്ധതിക്കു രൂപം നല്‍കുമെന്നും നാം തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിനു തീവ്രതയും നവദിശയും പകരുമെന്നുമുള്ള കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. ഇന്തോനേഷ്യയിലെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി.

വളരെയധികം നന്ദി.