'സാമ്പത്തിക നയം-മുന്നോട്ടുള്ള പാത' എന്ന വിഷയത്തില്‍ നിതി ആയോഗ് സംഘടിപ്പിച്ച സാമ്പത്തികശാസ്ത്ര വിദഗ്ധരുമായുള്ള സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.
സംവാദത്തില്‍ പങ്കെടുത്തവര്‍ കൃഷി, നൈപുണ്യവികസനവും തൊഴിലവസരം സൃഷ്ടിക്കലും, നികുതിയും ചുങ്കം സംബന്ധിച്ച കാര്യങ്ങളും, വിദ്യാഭ്യാസം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, പാര്‍പ്പിടം, വിനോദസഞ്ചാരം, ബാങ്കിങ്, ഭരണപരിഷ്‌കാരം, വസ്തുതാധിഷ്ഠിത നയം, ഭാവിവളര്‍ച്ചയ്ക്കായുള്ള ചുവടുകള്‍ തുടങ്ങി വിവിധ സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.
അഭിപ്രായങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. നൈപുണ്യ വികസനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ നൂതന വഴികള്‍ തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബജറ്റ് സൈക്കിള്‍ യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലുള്ള ബജറ്റ് കലണ്ടര്‍ പ്രകാരം ചെലവുകള്‍ അംഗീകരിക്കപ്പെടുന്നത് മണ്‍സൂണ്‍ ആരംഭിക്കുന്നതോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാല്‍, ഫലത്തില്‍ മണ്‍സൂണിനു മുമ്പുള്ള ഉല്‍പാദന കാലഘട്ടത്തില്‍ ഗവണ്‍മെന്റ് പദ്ധതികള്‍ ഏറെക്കുറേ നിര്‍ജീവമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യം തിരിച്ചറിഞ്ഞ് ബജറ്റ് അവതരണം നേരത്തേയാക്കുകയാണെന്നും ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ തന്നെ ചെലവ് അംഗീകരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി, ആസൂത്രണ സഹമന്ത്രി ശ്രീ. റാവു ഇന്ദ്രജിത്ത് സിങ്, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ശ്രീ. അരവിന്ദ് പനഗരിയ എന്നിവരും മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ്, നീതി ആയോഗ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പ്രൊഫ. പ്രവീണ്‍ കൃഷ്ണ, പ്രൊഫ. സുഖ്പാല്‍ സിങ്, പ്രൊഫ. വിജയ് പോള്‍ ശര്‍മ, ശ്രീ. നീലകണ്ഠ മിശ്ര, ശ്രീ. സുര്‍ജിത് ബല്ല, ഡോ. പുലാക് ഘോഷ്, ഡോ. ഗോവിന്ദ റാവു, ശ്രീ. മാധവ് ചവാന്‍, ഡോ. എന്‍.കെ.സിങ്, ശ്രീ. വിവേക് ദെഹേജിയ, ശ്രീ. പ്രമഥ് സിന്‍ഹ, ശ്രീ. സുമിത് ബോസ്, ശ്രീ. ടി.എന്‍.നൈനാന്‍ തുടങ്ങിയ സാമ്പത്തിക വിദഗ്ധരും പ്രമുഖരും പങ്കെടുത്തു.