ശ്രീ. നരേന്ദ്ര മോദി രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍.എസ്.എസ്.)ത്തിലൂടെ വളരുന്നതും 1980കളിലും 1990കളുടെ തുടക്കത്തിലുമായി ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി.)യില്‍ ചേരുന്നതും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രശ്‌നകലുഷിതമായ കാലഘട്ടത്തിലാണ്. രാജ്യത്തങ്ങോളമിങ്ങോളം വിരുദ്ധ ആശയഗതികള്‍ തമ്മിലുള്ള സംഘര്‍ഷം വ്യാപകമാകുകയും എന്നാല്‍ കേന്ദ്ര ഭരണകൂടത്തിനു നേതൃത്വം നല്‍കുന്നവര്‍ നിസ്സഹായരായ കാഴ്ചക്കാരായി നിലകൊള്ളുകയും ചെയ്യുന്ന നാളുകളായിരുന്നു അത്. പഞ്ചാബിലും ആസാമിലും തുടര്‍ന്നുവന്ന തര്‍ക്കം ഇന്ത്യയുടെ അഖണ്ഡതയെത്തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ളതായിരുന്നു. ആഭ്യന്തരമായി, ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കൂടുകൂട്ടിയ കാലമായിരുന്നു അത്. ഗുജറാത്തില്‍ കര്‍ഫ്യൂ പതിവായി. സഹോദരങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ഏറ്റുമുട്ടി.

അക്കാലത്ത്, ജനാധിപത്യ മുല്യങ്ങളിലും ആശയവിനിമയ സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായതും സ്വതന്ത്രവും ശക്തവുമായ ഇന്ത്യ എന്ന സര്‍ദാര്‍ പട്ടേലിന്റെ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുകയും അവസരത്തിനൊത്തുയരുകയും ചെയ്ത വ്യക്തിയാണ് ശ്രീ. നരേന്ദ്ര മോദി. പ്രതിസന്ധികള്‍ തളംകെട്ടിക്കിടന്നു മ്ലാനത പരന്ന അന്നത്തേ ദേശീയസാഹചര്യം ശ്രീ. നരേന്ദ്ര മോദിയിലെ ദേശസ്‌നേഹിയെ തട്ടിയുണര്‍ത്തുകയും ആര്‍.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും ആദര്‍ശങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം കഠിനപ്രയത്‌നം നടത്തുകയും ചെയ്തു. ഒരു സമര്‍പ്പിത പ്രവര്‍ത്തകന്‍ എന്നതിലുപരി മികച്ച സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹം, ചെറുപ്പം മുതല്‍ക്കേ. അനാരോഗ്യകരമായ സാഹചര്യത്തെ വെല്ലുവിളിച്ച് അവസരത്തിനൊത്ത് ഉയരുക എന്നതു ശ്രീ. നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം സ്വാഭാവിക പ്രകിയ മാത്രമായിരുന്നു.

ഏകതാ യാത്രയ്ക്കിടെ ശ്രീ. നരേന്ദ്ര മോദി അഹമ്മദാബാദില്‍

1980കളുടെ അവസാനത്തോടെ ഒരുകാലത്തു ഭൂമിയിലെ സ്വര്‍ഗമെന്ന് അറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഏറ്റവും വടക്കുള്ള സംസ്ഥാനമായ ജമ്മു-കശ്മീര്‍ പൂര്‍ണമായും യുദ്ധക്കളമായി മാറി. കേന്ദ്രം ഭരിച്ചിരുന്നവരുടെ അവസരവാദ രാഷ്ട്രീയവും 1987ലെ തെരഞ്ഞെടുപ്പിലുണ്ടായ ജനാധിപത്യം അട്ടിമറിക്കപ്പെടലും നിമിത്തം ജമ്മു-കശ്മീരില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേരുറച്ചു. തെരുവുകളില്‍ രക്തം ചീന്തപ്പെട്ടു തുടങ്ങിയതോടെ ഒരു കാലത്തു ഭൂമിയില്‍ ഏറ്റവും സുന്ദരമെന്നു പേരുണ്ടായിരുന്ന സ്ഥലം അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമായി മാറി. കാര്യങ്ങള്‍ വഷളായതോടെ ജമ്മു-കശ്മീരില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുന്നതിനു പോലും എതിര്‍പ്പ് അനുഭവപ്പെടുന്ന സാഹചര്യമുണ്ടായി. ഇത്തരമൊരു അവസ്ഥ തുടരുന്നതു തടയാന്‍ എന്തെങ്കിലും നടപടി കൈക്കൊള്ളുന്നതിനുപകരം കേന്ദ്രം ചെയ്തതു നിസ്സഹായമായി വീക്ഷിക്കുക മാത്രമായിരുന്നു.

 

1989ല്‍ ദേശവിരുദ്ധ ശക്തികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകള്‍ റുബയ്യ സയ്യിദിനെ തട്ടിക്കൊണ്ടുപോയി. ഈ ഘട്ടത്തില്‍ ശക്തമായ നിലപാട് കൈക്കൊള്ളുന്നതിനു പകരം കടുത്ത ഇന്ത്യാവിരുദ്ധ നിലപാടെടുക്കുന്ന ഭീകരരെ സ്വതന്ത്രരാക്കി പ്രശ്‌നം പരിഹരിക്കാനാണ് അന്നത്തെ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചത്. ദേശവിരുദ്ധ ശക്തികള്‍ക്കു പിടിവള്ളി നല്‍കുന്ന നടപടിയായിരുന്നു ഇത്.

 

ഇന്ത്യയുടെ പരമാധികാരം തകര്‍ക്കാനുള്ള ഈ നീക്കത്തിനെതിരെ ഒന്നും ചെയ്യാതെ കേവലം കാഴ്ചക്കാരായിരിക്കാന്‍ ബി.ജെ.പിക്കു സാധിക്കുമായിരുന്നില്ല. കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണു ശ്രീ. ശ്യാമപ്രസാദ് മുഖര്‍ജിക്കു ജീവന്‍ വെടിയേണ്ടിവന്നത്. പതിറ്റാണ്ടുകള്‍ക്കു ശേഷം ദേശീയ ഐക്യത്തെക്കുറിച്ചു പറയേണ്ട ഉത്തരവാദിത്തം വീണ്ടും ബി.ജെ.പിയുടേതായിത്തീര്‍ന്നു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത സാഹചര്യം ഉടലെടുത്തതോടെ അന്നത്തെ പാര്‍ട്ടി പ്രസിഡന്റ് ഡോ. മുരളീ മനോഹര്‍ ജോഷി ദേശീയ ഐക്യബോധം ഉയര്‍ത്തിക്കാട്ടി ഏകതാ യാത്ര നടത്താന്‍ തീരുമാനിച്ചു. സ്വാമി വിവേകാനന്ദന്‍ ജീവിതലക്ഷ്യം എന്തെന്നു തിരിച്ചറിഞ്ഞ കന്യാകുമാരിയില്‍നിന്ന് ആരംഭിക്കുന്ന യാത്ര ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി അവസാനിപ്പിക്കാനായിരുന്നു പദ്ധതി.

സംഘാടന പാടവമുള്ള ശ്രീ. നരേന്ദ്ര മോദിയെ ആണ് ഏകതാ യാത്ര സജ്ജമാക്കാന്‍ ചുമതലപ്പെടുത്തിയത്. അപകടസാധ്യകളെ തരണംചെയ്ത് ചുരുങ്ങിയ സമയംകൊണ്ട് നല്ല രീതിയിലുള്ള തയ്യാറെടുപ്പു നടത്താന്‍ മനസ്സര്‍പ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അദ്ദേഹത്തിനു സാധിച്ചു. യാത്ര കടന്നുപോകുന്ന വഴികളിലൂടെ മുന്‍കൂട്ടി നിര്‍ഭയം സന്ദര്‍ശിച്ച ശ്രീ. മോദി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടു ചര്‍ച്ച നടത്തി.

പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുകയും അവരിലുള്ള ദേശസ്‌നേഹത്തെ ഉത്തേജിപ്പിക്കുകയും ചെയ്ത ശ്രീ. നരേന്ദ്ര മോദി യാത്രയുടെ വിജയത്തിനു നിലമൊരുക്കി. ഈ പ്രവര്‍ത്തനത്തിലൂടെ മികച്ച സംഘാടകനാണെന്നു മാത്രമല്ല, ഏതു പ്രതികൂല സാഹചര്യത്തിലും പ്രവര്‍ത്തിച്ചു വിജയിക്കാന്‍ സാധിക്കുമെന്നു കൂടി അദ്ദേഹം തെളിയിച്ചു. ഇന്നു പൊതുപ്രവര്‍ത്തകരില്‍ ഒട്ടും കാണാത്ത വൈഭവമാണിത്. പ്രതിസന്ധികള്‍ നേരിടേണ്ടിവന്നാല്‍ പെട്ടെന്നു തീരുമാനമെടുത്തു നടപ്പാക്കുകയും അതുവഴി ലക്ഷ്യം നേടുകയും ചെയ്യാന്‍ സാധിക്കുന്ന വ്യക്തിയെന്ന പേരു നേടാന്‍ ശ്രീ. നരേന്ദ്ര മോദിക്കു സാധിച്ചു.

ഏകതാ യാത്രയില്‍ പങ്കെടുക്കുന്ന ശ്രീ. നരേന്ദ്ര മോദി.

സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാര്‍ഷിക ദിനവും ഗുരു തേജ് ബഹാദൂറിന്റെ ബലിദാന ദിനവുമായ 1991 ഡിസംബര്‍ 11നാണു യാത്ര ആരംഭിച്ചത്. ഭിന്നിപ്പിക്കുന്നതും ആക്രമണോത്സുകവുമായ രാഷ്ട്രീയവും കശ്മീരിലെ തീവ്രവാദശാപവും അവസാനിപ്പിക്കുക എന്നതായിരുന്നു മുദ്രാവാക്യങ്ങള്‍.

ശ്യാമപ്രസാദ് മുഖര്‍ജിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യയുടെ ഏകതയാണു പരമപ്രധാനമെന്നും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കു വ്യത്യസ്ത രീതിയിലുള്ള പരിഗണന എന്നതിനോട് യോജിപ്പില്ലെന്നും സഞ്ചരിച്ച ഇടങ്ങളിലൊക്കെ ശ്രീ. നരേന്ദ മോദി ആവര്‍ത്തിച്ചു. ദേശദ്രോഹ ശക്തികള്‍ക്കു ശക്തമായ ഭാഷയില്‍ മറുപടി നല്‍കേണ്ടത് അത്യാവശ്യമായിരുന്ന കാലത്തു മുന്നില്‍നിന്നു നയിക്കാന്‍ അദ്ദേഹം തയ്യാറായി. എല്ലായിടത്തും ആവേശപൂര്‍ണമായ സ്വീകരണം ഏകതാ യാത്രയ്ക്കു ലഭിച്ചു. ദേശീയ പുനരുദ്ധാരണത്തിന്റെ ആവശ്യകത ഡോ. ജോഷി ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്ത്യന്‍ ജനത അതിനെ പിന്തുണയ്ക്കാനും ഒപ്പം നില്‍ക്കാനും തയ്യാറായി.

അന്നു കേന്ദ്രം ഭരിച്ചിരുന്ന അന്ധത ബാധിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ കണ്ണു തുറപ്പിക്കുന്നതിന് ഏകതാ യാത്രയോളം സഹായകമായ മറ്റൊരു പ്രവര്‍ത്തനവും ഇല്ലായിരുന്നു. യാത്ര വിജയിച്ചത് മികച്ച സംഘാടകനായ ശ്രീ. മോദിയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായിത്തീരുകയും ചെയ്തു. കപട മതേതരത്വത്തിനും വോട്ട്ബാങ്ക് രാഷ്ട്രീയത്തിനും കല്ലറ പണിയാന്‍ ഇന്ത്യന്‍ ജനതയോട് അദ്ദേഹം ആഹ്വാനം ചെയ്തു. യാത്രയ്‌ക്കൊടുവില്‍ 1992 ജനുവരി 26നു ശ്രീനഗറില്‍ ത്രിവര്‍ണപതാക ഉയര്‍ത്തപ്പെടുമ്പോള്‍ വികാരാധീനനായിരുന്നു ശ്രീ. നരേന്ദ്ര മോദി. ഇന്ത്യാവിരുദ്ധ ശക്തികളുടെ വ്യാമോഹം അവസാനിപ്പിക്കാനുള്ള കരുത്ത് ഭാരതമാതാവിന് ഒരിക്കല്‍ക്കൂടി ലഭിച്ചതിലൂടെ, തീര്‍ത്തും വിപരീതസാഹചര്യത്തിലും അത്യപൂര്‍വമായ ദേശീയതലത്തിലുള്ള ഇത്തരമൊരു ദൗത്യം വിജയിപ്പിക്കാന്‍ സാധിച്ചത്, അസാമാന്യമായ ധൈര്യത്താലും വീക്ഷണത്താലും നൈപുണ്യത്താലും ദേശവിരുദ്ധ ശക്തികള്‍ക്കു തക്ക മറുപടി നല്‍കാനുള്ള ശ്രീ. മോദിയുടെ കഴിവിനുള്ള അംഗീകാരമായി.