2014 മെയ് 26നു നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പിറന്ന പ്രഥമ പ്രധാനമന്ത്രിയാണ് അദ്ദേഹം. ഊര്‍ജസ്വലതയും സമര്‍പ്പണ മനോഭാവവും നിശ്ചദാര്‍ഢ്യവും നിറഞ്ഞ നരേന്ദ്ര മോദി നൂറു കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകളെും പ്രത്യാശകളെയും പ്രതിഫലിപ്പിക്കുന്നു.

 

2014 മെയില്‍ അധികാരമേറ്റതു മുതല്‍ എല്ലാവര്‍ക്കും ഗുണകരമാകുംവിധം സമഗ്രമേഖലകളുടെയും വികസനത്തിനായുള്ള യത്‌നത്തിലാണ് അദ്ദേഹം. കാത്തുനില്‍ക്കുന്ന അവസാനത്തെ മനുഷ്യനെയും സേവിക്കുംവിധം 'അന്ത്യോദയ' ആശയം അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു.

 

പുതുമയാര്‍ന്ന ആശയങ്ങളാലും മുന്നേറ്റങ്ങളാലും വികസനചക്രം അതിവേഗം കറങ്ങുന്നുവെന്നും വികസനനേട്ടങ്ങള്‍ ഓരോ പൗരനിലും എത്തുന്നുവെന്നും ഗവണ്‍മെന്റ് ഉറപ്പാക്കുന്നുണ്ട്. ഭരണം സുതാര്യവും ലാളിത്യംനിറഞ്ഞതുമായിത്തീര്‍ന്നു.

 

ആദ്യം തന്നെ, പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ രാജ്യത്തെ ഓരോ പൗരനെയും സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാക്കുക വഴി വലിയ മാറ്റം സാധിച്ചു. 'മെയ്ക്ക് ഇന്‍ ഇന്ത്യ'ക്കായുള്ള അദ്ദേഹത്തിന്റെ ആഹ്വാനത്തോടൊപ്പം ബിസിനസ് ചെയ്യുന്നതു ലളിതവല്‍ക്കരിക്കാനുള്ള നടപ്പാക്കുക കൂടി ചെയ്തത് നിക്ഷേപകരിലും സംരംഭകരിലും മുമ്പെങ്ങുമില്ലാത്ത ഊര്‍ജം പകര്‍ന്നു. തൊഴില്‍മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും 'ശ്രമേവ ജയതേ'ക്കു കീഴില്‍ തൊഴിലിന്റെ മാന്യത ഉയര്‍ത്താന്‍ കൈക്കൊണ്ട നടപടികളും ചെറുകിട, ഇടത്തരം വ്യവസായരംഗത്തു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേരെ ശാക്തീകരിക്കുന്നതിനും തൊഴില്‍നൈപുണ്യം നേടിയ യുവാക്കള്‍ക്ക് ഊര്‍ജം പകരുന്നതിനും സഹായകമായി.

 

ഇതാദ്യമായി, ഇന്ത്യയിലെ ജനങ്ങള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് മൂന്നു സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ആരംഭിക്കുകയും മുതിര്‍ന്നവര്‍ക്കു പെന്‍ഷനും ദരിദ്രര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുകയും ചെയ്തു. 2015 ജൂലൈയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യ മിഷനിലൂടെ ജനജീവിതത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കാനാണു ലക്ഷ്യമിടുന്നത്.

 

2014ല്‍ മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികദിനമായ ഒക്ടോബര്‍ രണ്ടിന് രാജ്യമൊട്ടാകെ ശുചിത്വം പരിപാലിക്കുന്നതിനായി 'സ്വച്ഛ് ഭാരത് മിഷന്‍' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ മുന്നേറ്റത്തിന്റെ വലിപ്പവും സ്വാധീനവും ചരിത്രപരമാണ്.

 

നരേന്ദ്ര മോദിയുടെ വിദേശനയമുന്നേറ്റങ്ങള്‍ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യക്ക് ആഗോളതലത്തില്‍ നിര്‍വഹിക്കാനുള്ള ചുമതലയും ശേഷിയും ഉള്‍ക്കൊണ്ടുള്ളതാണ്. സാര്‍ക് രാഷ്ട്രത്തലവന്‍മാരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിപദമേറ്റത്. ഐക്യരാഷ്ട്രസംഘടനയുടെ ജനറല്‍ കൗണ്‍സിലില്‍ അദ്ദേഹം നടത്തിയ പ്രസംഗം ലോകമാകെ പ്രശംസിക്കപ്പെട്ടു. നേപ്പാളിലേക്ക് 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷവും ഓസ്‌ട്രേലിയയിലേക്ക് 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷവും ഫിജിയിലേക്ക് 31 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷവും സീഷെല്‍സിലേക്ക് 34 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷവും ഉഭയകക്ഷിസന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന സ്ഥാനവും അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണ്. ഐക്യരാഷ്ട്രസംഘടന, ബ്രിക്‌സ്, സാര്‍ക്, ജി-20 ഉച്ചകോടികളില്‍ പങ്കെടുത്ത് ഒട്ടേറെ ആഗോള സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുക വഴി ഇന്ത്യക്കു വ്യാപകമായ പ്രശംസ നേടിയെടുക്കാനും നരേന്ദ്ര മോദിക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ ജപ്പാന്‍ സന്ദര്‍ശനം ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കി. മംഗോളിയ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. ചൈനയിലേക്കും ദക്ഷിണ കൊറിയയിലേക്കും നടത്തിയ സന്ദര്‍ശനങ്ങളിലൂടെ വന്‍തോതില്‍ നിക്ഷേപം ഇന്ത്യയിലെത്തിക്കുന്നതില്‍ പ്രധാനമന്ത്രി വിജയിച്ചു. ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളുമായി ഇടതടവില്ലാത്ത നല്ല ബന്ധം പുലര്‍ത്തിപ്പോരുന്നു.

അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിനു നരേന്ദ്ര മോദി വളരെയധികം പ്രാധാന്യമം കല്‍പിച്ചുപോരുന്നു. 2015 ഓഗസ്റ്റില്‍ അദ്ദേഹം യു.എ.ഇ. സന്ദര്‍ശിച്ചു. 34 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യു.എ.ഇ. സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹം. ഈ സന്ദര്‍ശനം ഇന്ത്യയും ഗള്‍ഫും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനു വളരെയധികം ഗുണകരമായി. 2015 ജൂലൈയില്‍ ശ്രീ. മോദി അഞ്ചു മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലേക്കു നടത്തിയ യാത്ര പുതിയ പാതകള്‍ വെട്ടിത്തുറക്കുന്നതായിരുന്നു. ഊര്‍ജം, വ്യാപാരം, സംസ്‌കാരം, ധനകാര്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രധാന കരാറുകള്‍ ഈ രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ ഒപ്പുവെക്കപ്പെട്ടു. 2015 ഒക്ടോബറില്‍ ന്യൂഡെല്‍ഹിയില്‍ നടത്തിയ ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയില്‍ 54 ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സംബന്ധിച്ചു. ഇന്ത്യ-ആഫ്രിക്ക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ട ഉച്ചകോടിയില്‍ 41 ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ തലവന്‍മാര്‍ പങ്കെടുത്തിരുന്നു. ആഫ്രിക്കന്‍ നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

2015 നവംബറില്‍ പാരീസില്‍ സി.ഒ.പി.21 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി ലോകനേതാക്കള്‍ക്കൊപ്പം കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു ചര്‍ച്ച നടത്തി. വീടുകളില്‍ വൈദ്യുതിയെത്തിക്കാന്‍ സൗരോര്‍ജം ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള രാജ്യാന്തര സൗരോര്‍ജ സഖ്യം ശ്രീ. മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഒലാന്തേയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

2016 ഏപ്രിലില്‍ ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി, ആഗോളതലത്തില്‍ ആണവസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ശക്തമായ സന്ദേശം നല്‍കി. സൗദ്യ അറേബ്യ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന് അബ്ദുള്‍ അസീസ് രാജാവിന്റെ ഏറ്റവും വലിയ സിവിലിയന്‍ അംഗീകാരമായ സൗദി അറേബ്യ സാഷ് ലഭിച്ചു.

ഇക്കാലയളവില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലല്‍ ഏഞ്ചല മെര്‍ക്കല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഒട്ടേറ ലോകനേതാക്കള്‍ ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യയും ഈ രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഈ സന്ദര്‍ശനങ്ങള്‍ നിര്‍ണായകമായി. 2015ലെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുത്തു. ഇതാദ്യമായാണ് ഒരു യു.എസ്. പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്. 2015 ഓഗസ്റ്റില്‍ ഇന്ത്യ ആതിഥ്യമരുളിയ ഫിപിക് ഉച്ചകോടിയില്‍ പസഫിക് ദ്വീപ് രാഷ്ട്രങ്ങളിലെ പല ഉന്നത നേതാക്കളും പങ്കെടുത്തു. പസഫിക് ദ്വീപുകളും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

രാജ്യാന്തര യോഗ ദിനം ആഘോഷിക്കാനുള്ള നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ഐക്യരാഷ്ട്രസഭയില്‍ ആവേശകരമായ പ്രതികരണമാണു ലഭിച്ചത്. ഇതാദ്യമായി 177 രാഷ്ട്രങ്ങള്‍ ഒത്തുചേര്‍ന്ന് ജൂണ്‍ 21 രാജ്യാന്തര യോഗ ദിനമായി ആചരിക്കുന്നതിനുള്ള പ്രമേയം പാസാക്കി.

1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ ഒരു ചെറുപട്ടണത്തില്‍ ദരിദ്രമെങ്കിലും സ്‌നേഹസമ്പന്നമായ കുടുംബത്തിലാണു നരേന്ദ്ര മോദി പിറന്നത്. കുട്ടിക്കാലത്തു നേരിടേണ്ടിവന്ന യാതന, കഠിനാധ്വാനത്തിന്റെ വില മാത്രമല്ല, സാധാരണക്കാര്‍ നേരിടുന്നതും എന്നാല്‍ പരിഹരിക്കാവുന്നതുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും പഠിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കി. തുടക്കത്തില്‍ രാഷ്ട്രനിര്‍മാണത്തിനായി നിലകൊള്ളുന്ന ദേശീയപ്രസ്ഥാനമായ രാഷ്ട്രീയസ്വയംസേവകസംഘ(ആര്‍.എസ്.എസ്.)ത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സംസ്ഥാന, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ശ്രീ. മോദി രാഷ്ട്രതന്ത്രശാസ്ത്രത്തില്‍ എം.എ. ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ അദ്ദേഹം നാലു തവണ തുടര്‍ച്ചയായി ആ പദവി അലങ്കരിച്ചു റെക്കോര്‍ഡ് സൃഷ്ടിച്ചു. നാശംവിതച്ച ഭൂകമ്പം നിമിത്തം ദുരിതമനുഭവിക്കുകയായിരുന്ന സംസ്ഥാനത്തെ ഇന്ത്യയുടെ വികസനത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്ന പ്രദേശമായി അദ്ദേഹം വളര്‍ത്തി.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമത്തിനുമായി സ്വയം സമര്‍പ്പിച്ച ജനകീയ നേതാവാണു നരേന്ദ്ര മോദി. ജനങ്ങള്‍ക്കൊപ്പം കഴിയുകയും അവരുടെ സന്തോഷത്തില്‍ പങ്കു ചേരുകയും ദുഃഖമകറ്റുകയും ചെയ്യുന്നതില്‍പ്പരം അദ്ദേഹത്തിനു സന്തോഷപ്രദമായ മറ്റൊന്നുമില്ല. ജനങ്ങളുമായി നേരിട്ടുള്ള ബന്ധം പോലെ സജീവമാണ് ഓണ്‍ലൈനിലും അദ്ദേഹത്തിന്റെ സാന്നിധ്യം. ജനങ്ങളിലേക്കെത്താനും അവരുടെ ജീവിതത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാനും വെബ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതികതലോകവുമായി ഏറ്റവും ബന്ധം പുലര്‍ത്തുന്ന നേതാവാണ് അദ്ദേഹം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍+, ഇന്‍സ്റ്റാഗ്രാം, സൗണ്ട ക്ലൗഡ്, ലിങ്ക്ഡ് ഇന്‍, വീബോ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹം സജീവമാണ്.

രാഷ്ട്രീയത്തിനപ്പുറം മോദി ഇഷ്ടപ്പെടുന്നത് എഴുത്താണ്. കവിതകള്‍ ഉള്‍പ്പെടെ ഏറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തില്‍ അദ്ദേഹം ഓരോ ദിവസത്തിനും തുടക്കമിടുന്നത് ശരീരത്തിനും മനസ്സിനും ഊര്‍ജം പകരുംവിധം യോഗ ചെയ്തുകൊണ്ടാണ്.

ധൈര്യത്തിന്റെയും അനുകമ്പയുടെയും ദൃഢനിശ്ചയത്തിന്റെയും മൂര്‍ത്ത രൂപമായ ഈ മനുഷ്യനെയാണ് ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുകയും ലോകത്തിനായുള്ള ദീപസ്തംഭമായി ജ്വലിപ്പിച്ചുനിര്‍ത്തുകയും ചെയ്യുമെന്നുമുള്ള പ്രതീക്ഷയില്‍ രാഷ്ട്രം അധികാരമേല്‍പ്പിച്ചിരിക്കുന്നത്.